കേരളത്തിൽ നിരവധി ഭഗവതി ക്ഷേത്രങ്ങളിൽ വച്ച് ഏറ്റവും പഴക്കം ചെന്നതും ദേവീചൈതന്യം പ്രത്യക്ഷാനുഭവങ്ങളാൽ പ്രസിദ്ധിയുള്ളതുമാണ് കോട്ടുവള്ളിക്കാവ് ഭഗവതീക്ഷേത്രം.
എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ കോട്ടുവള്ളി വില്ലേജിൽ വള്ളുവള്ളി കരയിൽ പറവൂർ തമ്പുരാൻറെ കോട്ടക്ക് വെളിയിൽ സ്ഥിതി ചെയ്തിരുന്ന അമ്പലത്തിന് കോട്ടക്ക് വെളിയിൽ കാവ് എന്നായിരുന്ന പേരു ലോപിച്ചാണ് കോട്ടുവള്ളിക്കാവ് ആയത് എന്നും പഴമക്കാർ പറയുന്നു.
ദുരിതങ്ങളും രോഗങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് മനഃശാന്തിയും കുടുംബൈശ്വര്യങ്ങളും ഉണ്ടാകുന്നതിനും ക്ഷേത്രദർശനം നടത്തി പോരുന്ന ഭക്തജനങ്ങൾ ഏറെയാണ്.
കൊടുങ്ങല്ലൂർ ഭഗവതിയുടെ അനുജത്തിയും നിത്യകന്യകയുമായ ബാലഭദ്രയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ആലുവയിൽ നിന്ന് പടിഞ്ഞാറ് പത്ത് മൈൽ ദൂരവും വടക്കൻ പറവൂരിൽ നിന്നും വരാപ്പുഴ വഴി എറണാകുളം റൂട്ടിൽ കാവിൽ നട ബസ് സ്റ്റോപ്പിൽ ഇറങ്ങിയാൽ അവിടെനിന്നും ഏകദേശം അഞ്ഞൂറു മീറ്റർ പടിഞ്ഞാറു മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആഴ്വാഞ്ചേരി തംബ്രാക്കളുടേതാണ് ഈ ക്ഷേത്രം. ഇപ്പോൾ കേരളാ ഊരാഴ്മ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രഭരണം നടത്തുന്നത്. ശ്രീനിലയം (ഹേമന്ദം) മഠത്തിൽ ശ്രീകുമാർ എംബ്രാന്തിരിയാണ് ഇപ്പോഴത്തെ മേൽശാന്തി. പ്രധാന പ്രതിഷ്ഠ ബാലഭദ്രയും വടക്കേനടയിൽ ശിവനും ഉപദേവനായി കന്നിമൂലയിൽ (തെക്കുപടിഞ്ഞാറേ മൂല) ശാസ്താവും ഇരുന്നരുളുന്നു. കന്നി രാശിയിൽ ശാസ്താവിന് പുറകിലായി സർപ്പദൈവങ്ങളേയും അതിനു വടക്കായി ബ്രഹ്മരക്ഷസ്സിനേയും യക്ഷിയേയും ഇരുത്തിയിരിക്കുന്നു. അതിനുവടക്കായി കാണുന്ന കെട്ടിടം (ഭജനപ്പുര) ദേവിയുടെ പള്ളിയറയാണ്. ഇവിടെ വച്ചാണ് ഉത്സാവ കാലത്തെ പ്രധാന ചടങ്ങുകളിൽ ഒന്നായ കാവടക്കം എന്ന ചടങ്ങ് നടത്തുന്നത്. വടക്കു ഭാഗത്ത് ക്ഷേത്രക്കുളത്തിന് അടുത്തായി ഘണ്ഠാകർണ്ണനെയും അതിന് തൊട്ടുപടിഞ്ഞാറ് പഴയ വെളിച്ചപ്പാടിന്റെ കാരണവരുടെ പ്രതിഷ്ഠയും കാണാം. കാളിശ്ശേരി വീട്ടിലെ ഇപ്പോഴത്തെ കാരണവരായ ശ്രീ തങ്കപ്പൻ മൂത്ത നായരാണ് ഇവിടുത്തെ പൂജകൾ നടത്തുന്നത്. ഇദ്ദേഹമാണ് ക്ഷേത്രം വെളിച്ചപ്പാട്. കന്നിമാസത്തിൽ ആദ്യത്തെ ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ക്ഷേത്രത്തിൽ നിന്നും പുറം ഗ്രാമങ്ങളിലേക്ക് പറ എഴുന്നള്ളിപ്പ് നടത്തുന്നു. ടി എഴുന്നള്ളിപ്പിന് വാള് എഴുന്നള്ളിച്ച് പോകേണ്ടതും ഉത്സവകാലം, മണ്ഡലകാലം എന്നീ വിശേഷ ദിവസങ്ങളിൽ രാത്രിയിൽ വിളക്കിനെഴുന്നള്ളിപ്പ് നടക്കുമ്പോൾ രണ്ട് കുത്തുവിളക്ക് എടുക്കേണ്ടതാണ്. അതിൽ ഒന്ന് കഴകക്കാരൻ വാര്യരും മറ്റൊന്ന് വെളിച്ചപ്പാടിന്റെ ചുമതലയിലും ആണ് എടുക്കുന്നത്. വെളിച്ചപ്പാടിന്റെ വീട്ടിലെ സ്ത്രീകൾക്കും വിളക്കെടുക്കാം. രണ്ടുമാസത്തോളം നീണ്ടുനിൽക്കുന്ന പറയെടുപ്പിന്റെ ആദ്യപറ വള്ളുവള്ളി പാവന കൊപ്പറമ്പിലേതാണ്. കോട്ടുവള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനം കടുങ്ങല്ലൂർ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ശ്രീമൂലസ്ഥാനത്തു വച്ച് കതുവത്ത് വീട്ടിലെ ആദ്യ പറ എടുത്തതിനു ശേഷം മറുകരകളിലെ പറക്കൾ എടുത്ത് തുലാം മുപ്പതാം തീയ്യതി തിരുമുപ്പത്ത് മഹാദേവന്റെ കൊട്ടാരപ്പറയും എടുത്ത് വൃശ്ചികം ഒന്നാം തീയ്യതി വെളിച്ചപ്പാടിന്റെ പറയും എടുത്ത് ഉച്ചപൂജക്ക് മുൻപായി അകത്തേക്ക് എഴുന്നള്ളിക്കുന്നു.
ഇന്ന് കോട്ടുവള്ളിക്കാവ് ഭഗവതീക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്ന് ഏകദേശം പത്ത് കിലോമീറ്റർ കിഴക്ക് കടുങ്ങല്ലൂർ പാടത്ത് സ്ത്രീകൾ കൊയ്ത്തിനായി ചെന്നപ്പോൾ കൊയ്ത്തരിവാൾ മൂർച്ച കൂട്ടുന്നതിനായി അടുത്തുകണ്ട കല്ലിൽ അരിവാൾ തേയ്ക്കുകയും അപ്പോൾ കല്ലിൽ നിന്നും രക്തം വരുന്നതു കണ്ട സ്ത്രീകൾ ഭയപ്പെടുകയും അടുത്തുള്ള കരപ്രമാണിമാരായ കോട്ടക്കൽ കുടുംബക്കാരെ വിവരം അറിയിക്കുകയും ചെയ്തു. അന്വേഷണത്തിൽ അതൊരു ദേവീവിഗ്രഹമാണെന്നും ചൈതന്യം നിറഞ്ഞുനിന്നിരുന്ന ശിലയെ അവരുടെ കുടുംബത്തിൽ വച്ച് ആരാധിച്ചു പോന്നു. ദൈനംദിന കാര്യങ്ങൾക്ക് ആൺ സന്താനങ്ങളില്ലാതെ വന്നപ്പോൾ ദേവീവിഗ്രഹത്തെ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് മീനം രാശിയിൽ നിൽക്കുന്ന ഇലഞ്ഞിച്ചുവട്ടിൽ വയ്ക്കുകയും ക്ഷേത്രം ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് കൊടുക്കുകയും ചെയ്തു. ഈ ഇലഞ്ഞിക്ക് ആയിരം വർഷത്തിലേറെ പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ഈ ക്ഷേത്രത്തിലെ തന്ത്രത്തിന്റെ ചുമതല വേഴപ്പറമ്പ് മനയിലേക്കാണ്. ഈ ക്ഷേത്രത്തിൽ മുമ്പ് ദാരു ബിംബ പ്രതിഷ്ഠയായിരുന്നു. ആ കാലങ്ങളിൽ പടഹാളി ഉത്സവമായി നടന്നുവന്നു. 1972 ഇൽ ദാരു ബിംബം മാറ്റി ശിലാവിഗ്രഹം പ്രതിഷ്ഠിക്കുകയും അതിനു ശേഷം ധ്വജാതി ഉത്സവമായി കൊണ്ടാടുകയും ചെയ്യുന്നു. കുംഭമാസത്തിലെ അവിട്ടം നക്ഷത്രത്തിൽ കൊടികയറി ആറാം ദിവസമായ അശ്വതിനാളിൽ ആറാട്ടായും ഏഴാം ദിവസം ഭരണി മഹോത്സവത്തോടെ അവസാനിക്കുകയും ചെയ്യുന്നു.
ഈ ക്ഷേത്രത്തിൽ ഭഗവതിക്കും ശിവനും പ്രത്യേകം കൊടിമരം ഉണ്ട്. എന്നാൽ രണ്ടിലും കൊടിയേറ്റ് ഉണ്ടെങ്കിലും ഉത്സവത്തിന്റെ ക്രിയാഭാഗമായുള്ള ചടങ്ങുകൾ ഭഗവതിക്കു മാത്രമേയുള്ളു. ബാലഭദ്രയായതിനാൽ ആനക്ക് പ്രവേശനമില്ല. ദേവിക്ക് ഭയപ്പാട് ഉണ്ടാകും എന്നതിനാൽ ഉത്സവകാലത്തും ആന എഴുന്നള്ളിപ്പ് പതിവില്ല. ഉത്സവ ദിവസങ്ങളിൽ പല കരകളിൽ നിന്നും ദേവീ സന്നിധിയിലേക്ക് താലങ്ങൾ വന്നുചേരുന്നു. അശ്വതി നാളിൽ ക്ഷേത്രം സ്ഥിതിചെയ്യുന്ന കരയിലെ പ്രജകളെ കാണുന്നതിന് ദേവിയെ എഴുന്നള്ളിക്കുകയും എല്ലാ വീടുകളിലും നിറപറയും നിലവിളക്കും വച്ച് ദേവിയെ സ്വീകരിക്കുകയും ചെയ്യുന്നു. അന്നു രാത്രി ദേവീ വിഗ്രഹം കണ്ടെന്നു പറയുന്ന കടുങ്ങല്ലൂർ കരയിലെ ശ്രീമൂലസ്ഥാനത്തു നിന്നും താലപ്പൊലി വന്നുചേരുകയായി. കടുങ്ങല്ലൂരിൽ ദേവീ സങ്കൽപ്പമായി പ്രതിഷ്ഠയും ആലയവും ഉണ്ട്. വളരെ വിശ്വാസത്തോടെ അവിടുത്തെ ഭക്തജനങ്ങൾ ആരാധിച്ചു പോരുന്നു. കടുങ്ങല്ലൂരിൽ നിന്നും വരുന്ന താലപ്പൊലി രാത്രി പന്ത്രണ്ട് മണിയോടുകൂടി അവസാനിക്കുകയും അതു കഴിഞ്ഞാൽ ഉടനെ തന്നെ വള്ളുവള്ളി കരയിലെ താലപ്പൊലിക്ക് എഴുന്നള്ളിക്കുകയായി. കോട്ടക്കൽ കുടുംബത്തിനോട് ചേർന്ന് പ്രതിഷ്ഠിച്ചിട്ടുള്ള ദേവീ നടക്കൽ നിന്നും വെള്ളരി നിവേദ്യം കഴിഞ്ഞ് വള്ളുവള്ളി കരയിലെ താലപ്പൊലി തുടങ്ങുകയായി. വള്ളുവള്ളി കരയിലെ താലപ്പൊലി വെളുപ്പിന് നാലുമണിയോട് കൂടി അവസാനിക്കുകയും പതിനെട്ടു നാഴിക ഭരണി ഉള്ളപ്പോൾ മാത്രം നടത്തേണ്ടതായ ആയിരംതിരി പൂജ തൊഴുവാനുള്ള ഭക്തജനങ്ങളുടെ തിരക്കായി. ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ഉച്ചപൂജ നടക്കുകയും അതിനു ശേഷം പ്രധാന ചടങ്ങായ ആയിരം തിരി പൂജയും ഓട്ടവും നടക്കുകയായി.
ദാരിക വധത്തിനു മുമ്പുള്ള അവസ്ഥയായാണ് കൊട്ടുവള്ളിക്കാവിലെ ദേവീ സങ്കൽപ്പം. ദാരിക വധത്തിനായി ദേവി ദാരികനെ അന്വേഷിച്ച് പോകുന്ന പ്രതീകമായിട്ടാണ് ആയിരംതിരി പൂജയും ഓട്ടവും. ക്ഷേത്രത്തിലെ മേൽശാന്തിയാണ് ടി പൂജ നടത്തുന്നതും ഓടുന്നതും. ഇതിനായി കൊടിയേറ്റു നാൾ മുതൽ ഭരണി നാൾ വരെ വ്രതം എടുക്കുന്നു. ആയിരംതിരി പൂജക്കായി മേൽശാന്തി ശ്രീകോവീലിൽ കയറുന്നതിനു മുൻപ് ക്ഷേത്രം ചുമതലക്കാരനോട് ആയിരംതിരി പൂജക്ക് അനുവാദം ചോദിക്കുകയും തുടർന്ന് ശ്രീകോവിലിൽ കയറി നട അടച്ച് ദേവിക്ക് അഭിമുഖമായി ഇരുന്ന് പൂജ തുടങ്ങുകയായി. ആയിരംതിരി പൂജക്ക് പ്രത്യേകമായിട്ടുള്ളതാണ് നിവേദ്യ സാധനങ്ങൾ. നിവേദ്യം കഴിഞ്ഞാൽ മഞ്ഞപ്പൊടി കലക്കിയ വെളിച്ചെണ്ണയിൽ ആയിരം തിരികൾ ഏഴ് കുമ്പിളുകളിലായി കത്തിച്ച് ഉഴിയുകയും തുടർന്ന് പുഷ്പാഞ്ജലി മുതലായ ചടങ്ങുകൾ ചെയ്യുന്നു. മേൽശാന്തിയുടെ കൂടെ ഉള്ളതായ സഹായികൾ ദേവീചൈതന്യം ആവാഹിച്ച് മേൽശാന്തിയിലേക്ക് പകരുകയും വിഗ്രഹത്തിൽ ചേർത്തുവച്ചിട്ടുള്ളതായ രണ്ടു വാളുകൾ രണ്ടു കൈകളിലും നൽകി നടതുറന്ന് മേൽശാന്തിയെ പുറത്തേക്ക് എടുത്തുകൊണ്ടു വരികയും മുഖമണ്ഡപത്തിന് വെളിയിൽ വച്ചിട്ടുള്ളതായ ആയിരംതിരി പലകയിൽ നിർത്തി മൂന്നു പ്രാവശ്യം തിരിച്ച് തിരുമുഖത്തേക്ക് ഇറക്കി വിടുകയും അകത്ത് ഒരു പ്രദക്ഷിണവും പുറത്ത് മൂന്നു പ്രദക്ഷിണവും കഴിഞ്ഞ് വീണ്ടും അകത്തു വന്ന് ഒരു പ്രദക്ഷിണവും കൂടിവച്ച് ശ്രീകോവിലിന്റെ നടക്കൽ ചെന്ന് വീഴുകയും ചെയ്യുന്നു. മേൽശാന്തിയുടെ കൂടെ കുത്തുവിളക്കുമായി ക്ഷേത്രം കഴകക്കാരൻ വാര്യരും വാദ്യമേളങ്ങളോടെ ക്ഷേത്രം സംബന്ധി മാരാരും ഓടുന്നു. ഈ ചടങ്ങ് വളരെ ഭയാനകവും ഭക്തജനങ്ങളുടെ തിക്കുംതിരക്കും അമ്മേ നാരായണ, ദേവീ നാരായണ എന്നുള്ള ശരണം വിളിയും വളരെ ഭയപ്പാട് ഉണ്ടാക്കുന്ന ഒരന്തരീക്ഷമാണ്. ശ്രീകോവിലിന്റെ നടക്കൽ വീണതായ മേൽശാന്തിയെ ശിവന്റെ ശ്രീകോവിലിൽ എത്തിക്കുകയും അവിടെവച്ച് ചൈതന്യം മാറുന്നതോടെ ഭക്തരുടെ ഭയപ്പാടും തീരുന്നു. ആയിരംതിരി പൂജ തൊഴാനായി ഭക്തജനങ്ങൾ വളരെയധികം ദൂരത്തുനിന്നും വന്നുചേരുന്നു. വേറെ ഒരു സ്ഥലത്തും ഇല്ലാത്തതായ ഒരു ചടങ്ങാണിത്. പിന്നീട് ശ്രീ കോവിലിൽ പൂജ കഴിക്കുന്നു. അതിനു ശേഷം ബലിക്കൽ പുരയുടെ മുകളിൽ മാളികപ്പുറത്ത് ദേവിയെ എഴുന്നള്ളിച്ച് ഇരുത്തുന്നു. അതിനു ശേഷം തൂക്കം നടക്കും. തൂക്കം നടത്തുന്നതിന് പറവൂർ തഹസീൽദാരുടെ സാന്നിദ്ധ്യത്തിൽ വേണം. തൂക്കച്ചാട് നിർമ്മാണത്തിനും പരിപാലനത്തിനുമുള്ള അവകാശം മാടവന കുടുംബത്തിനാണ്. തൂക്കം കുത്താൻ അവകാശം മുൻകാലങ്ങളിൽ തൃഡപ്പിള്ളി കുടുംബക്കാർക്ക് ആയിരുന്നു. പിന്നീട് ആ അവകാശം തൃപ്രയാറ്റ് തെക്കേടത്ത് വള്ളുവള്ളി കളരിക്കൽ കുടുംബക്കാർക്ക് കൊടുക്കുകയും തുടർന്ന് ആ കുടുംബത്തിലെ കാരണവരുടെ കാലശേഷം വന്ന ശൂന്യതയിൽ വിശ്വകർമ്മ സമുദായത്തിൽ പെട്ട മാടവന കുടുംബക്കാർ പ്രസ്തുത ചടങ്ങ് ഏറ്റെടുത്ത് നടത്തി വരികയും ചെയ്യുന്നു. എന്നാൽ തൂക്കകൊളുത്ത് കൈമാറ്റ ചടങ്ങും അനുമതിയും ദേവീസന്നിധിയിൽ വെച്ച് വള്ളുവള്ളി കളരിക്കൽ കുടുംബാംഗങ്ങൾ അവകാശമായി നടത്തിവരുന്നു. ഇപ്പോൾ നടന്നു വരുന്നതായ തൂക്കം ഒന്ന് തിരുമുപ്പത്ത് പടിക്കൽ വാര്യം വകയും രണ്ടാമത്തേത്, കോട്ടപ്പുറം എൻ എസ് എസ് കരയോഗം വകയുമാണ്. തൂക്കച്ചാട് ഏറ്റുന്നതിനുള്ള അവകാശം തേവർകാട് കുടുംബി സമുദായത്തിനാണ്. കൂടാതെ നൂറുകണക്കിന് പിള്ളതൂക്കം നടക്കുന്നു. കുട്ടികളെ തൂക്കച്ചാടിൽ കയറ്റി നടത്തുന്ന ചടങ്ങാണിത്. കുട്ടികളുടെ ആയുരാരോഗ്യത്തിനും മറ്റും വളരെ പ്രധാനമായ ചടങ്ങാണ് ഇത്. തൂക്കം കഴിഞ്ഞാൽ നടയടക്കുന്നു, പിന്നെ ഏഴു ദിവസം കഴിഞ്ഞേ നടതുറക്കുകയുള്ളൂ. ഈ ദിവസങ്ങളിൽ ഭൂതഗണങ്ങളുടെ ഉത്സവമായിട്ടാണ് പറയുന്നത്. ഈ ദിവസങ്ങളിലെ ഉത്സവാഘോഷങ്ങൾക്കു വേണ്ടി ക്ഷേത്രത്തിലുള്ള എല്ലാ വാദ്യോപകരണങ്ങളും യഥാസ്ഥാനത്ത് വച്ചിരിക്കണമെന്നും നിർബന്ധമുണ്ട്. ഈ ഏഴ് ദിവസങ്ങളിൽ ശാന്തിക്കാരനും ക്ഷേത്രജീവനക്കാർക്കും മാത്രമേ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുവാൻ പാടുള്ളു. നടതുറപ്പ് ദിവസം ഉത്സവ പ്രതീതിയാണ്. നവീകരണ കലശത്തിനു മുൻപ് പടഹാദി ഉത്സവം നടന്നിരുന്ന കാലത്ത് ഭരണി നാളിൽ രാത്രി പതിനെട്ടാം ബലി എന്നൊരു ചടങ്ങ് നടന്നിരുന്നു. പുനഃപ്രതിഷ്ഠക്ക് ശേഷം, ധ്വജാതി ഉത്സവം തുടങ്ങിയതു മുതൽ മുൻപറഞ്ഞ പതിനെട്ടാം ബലിക്ക് പകരം നടതുറപ്പ് ദിവസം, രാത്രിയിൽ ഘണ്ഠാകർണ്ണൻ സ്വാമിയുടെ നടക്കൽ വലിയ ഗുരുതിയോടുകൂടി ഉത്സവത്തിന്റെ ചടങ്ങുകൾ കഴിയുകയായി. ആയിരംകൊല്ലത്തെ പഴക്കമുള്ള അന്നുമുതൽ ഇന്നുവരെ എല്ലാറ്റിനും സാക്ഷ്യം വഹിക്കുമാറ് പടർന്ന് പന്തലിച്ച് നിൽക്കുന്ന ഇലഞ്ഞിമരം ഈ ക്ഷേത്ര സന്നിധിക്ക് അലങ്കാരമാണ്. ദേവിയെ ആദ്യം കുടിയിരുത്തിയ, ദേവിയെ സ്വീകരിച്ചിരുത്തിയ രക്ഷാസ്ഥാനമെന്ന പ്രാധാന്യം കൂടി ഈ ഇലഞ്ഞി മരത്തിനുണ്ട്.